Tuesday, February 3, 2009

സ്ട്രെച്ചര്‍ തകര്‍ന്ന് ഒരു മരണം..


ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളേജ്‌ ആശുപത്രി രണ്ടാം വാര്‍ഡില്‍ ചികില്‍സയിലായിരുന്ന കാക്കാഴം ലക്ഷംവീട്‌ കോളനി അബ്ദുല്‍ സലാം(49) സ്ട്രെച്ചര്‍ തകര്‍ന്ന് നിലത്തു വീണ്‌ മരിച്ചത്‌. കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ കൊണ്ടുപോകാനായി സ്ട്രെച്ചറില്‍ കയറ്റുമ്പോള്‍ ഇന്നലെ പുലര്‍ച്ചെയാണ്‌ സംഭവം നടന്നത്‌. ഇന്നലെ രാവിലെ 5.30യോടെ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരും ബന്ധുക്കളും ചേര്‍ന്നു തീവ്രപരിചരണവിഭാഗത്തിലെത്തിക്കുന്നതിനാണ്‌ സ്ട്രെച്ചറില്‍ കയറ്റിയത്‌. ഗുരുതരാവസ്ഥയിലായിരുന്ന രോഗി സ്ട്രെച്ചര്‍ തകര്‍ന്ന് നിലത്തു വീണു. വൈകാതെ തീവ്രപരിചരണവിഭാഗത്തിലെത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ അബ്ദുല്‍ സലാം മരിച്ചു.

സ്ട്രെച്ചറിന്റെ ഇരുമ്പ്‌ കാലുകള്‍ ദ്രവിച്ച്‌ ഒടിഞ്ഞ്‌ മുന്‍പും രോഗികള്‍ വീണിട്ടുണ്ട്‌. ഉപേക്ഷിച്ചിട്ടിരുന്ന സ്റ്റ്രെച്ചറാണ്‌ ഇന്നലെ വീണ്ടും അബ്ദുല്‍ ഖാദറിനെ കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്നു പറയപ്പെടുന്നു.

സംഭവം നടന്നു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആരോഗ്യവകുപ്പിലെ ഉന്നതൗദ്യോഗസ്ഥര്‍ ആരും മെഡിക്കല്‍ കോളേജ്‌ ആശുപത്രി സന്ദര്‍ശിച്ചിട്ടില്ല. ആശുപത്രി വളപ്പിലുണ്ടായ വന്‍സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ലാകലക്ടര്‍ വി.കെ.ബാലകൃഷ്ണനെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. താല്‍ക്കാലിക ജീവനക്കാരായ ജാക്ലിന്‍, രത്നമ്മ എന്നിവരെ സസ്പെന്‍ഡ്‌ ചെയ്തിട്ടുണ്ട്‌.

ആശുപത്രിയില്‍ 2007ല്‍ 1470 രോഗികള്‍ മരിച്ചെന്ന ഞെട്ടിപ്പിക്കുന്ന കണക്ക്‌ പുറത്തു വന്നിട്ടും അധികൃതര്‍ യാതൊരു ജാഗ്രതയും പാലിച്ചിരുന്നില്ലത്രെ. ആശുപത്രിയുടെ ഘടനയും വിചിത്രമാണ്‌. രണ്ടാം നിലയിലുള്ള തീവ്രപരിചരണവിഭാഗത്തിലേക്ക്‌ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കോണി കയറി വേണം മുകളിലെത്താന്‍. പഴകി ദ്രവിച്ച സ്ട്രെച്ചറുകളിലാണ്‌ രോഗികളെ കോണി കയറ്റേണ്ടത്‌.

------------------------------

ഇതു മിനിഞ്ഞാന്നത്തെ വാര്‍ത്തയാണ്‌. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലും ഇതിനു സമാനമായ ഒരു ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.

കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രി കാര്‍ഡിയോളജി വാര്‍ഡിലെ ICUവില്‍ ചികിത്സയിലായിരുന്ന സ്ത്രീ കട്ടിലില്‍ നിന്നു വീണു മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ്‌ റിട്ട.ഇസിജി ടെക്നീഷ്യന്‍ പാത്താമുട്ടം പാമ്പൂരമ്പാറ പള്ളിക്കുന്നേല്‍ രവീന്ദ്രന്റെ ഭാര്യ അമ്മിണി (68) ആണ്‌ മരിച്ചത്‌.

രോഗിക്കൊപ്പം ബന്ധുക്കള്‍ നില്‍ക്കാന്‍ അനുമതിയില്ലാത്ത സ്റ്റെപ്‌ ഡൗണ്‍ ഐസിയുവില്‍ (ഗുരുതരമല്ലാത്ത രോഗികളെ കിടത്തുന്ന പ്രത്യേക വാര്‍ഡ്‌) ആണ്‌ അമ്മിണിയെ കിടത്തിയിരുന്നത്‌. മുറിയില്‍ അമ്മിണിയെകൂടാതെ 7 രോഗികള്‍ ചികിത്സയിലുണ്ടായിരുന്നു. അരികുമറയില്ലാത്ത കട്ടിലില്‍ നിന്നാണ്‌ അമ്മിണി വീണത്‌. ആ സമയം വാര്‍ഡില്‍ നേഴ്സ്‌ ഉണ്ടായിരുന്നില്ലത്രെ!
ചെറുഹൃദയാഘാതത്തിനെത്തുടര്‍ന്ന് അഡ്മിറ്റ്‌ ചെയ്യപ്പെട്ട അമ്മിണി ICUവില്‍ കിടക്കുമ്പോള്‍ പിന്നെയും കടുത്ത അറ്റാക്ക്‌ ഉണ്ടായി അനങ്ങാനോ എഴുന്നേല്‍ക്കാനോ ശ്രമിച്ചപ്പോള്‍ വീണതാകാമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

ബന്ധുക്കള്‍ ഇതു വരെ പരാതി നല്‍കിയിട്ടില്ല.


1 comment:

  1. അബ്ദുല്‍ സലാം(49), അമ്മിണി (68)
    ഇവരൊക്കെ എന്തു തെറ്റു ചെയ്തോ ആവോ? എന്താ നമ്മുടെ ആശുപതികള്‍ക്കു പറ്റുന്നത്‌? എന്റെ ഡ്യൂട്ടിയുടെ ഭാഗമായി ഇവിടൊക്കെ പോയിട്ടുള്ളതാ ഞാന്‍....പറയത്തക്ക പരാധീനതകളൊന്നും ഇവിടൊന്നുമില്ലെന്നേ...പിന്നെ നേരെ ചൊവ്വേ പണിയാന്‍ ഡ്യൂട്ടിയിലുള്ളവനു മനസ്സില്ല...അത്ര തന്നെ!

    ReplyDelete